ഇടിമിന്നൽ ഉണ്ടാകുന്നത് എങ്ങനെ ! എന്തൊക്കെ സുരക്ഷകൾ നേടാം : ഷെയർ ചെയ്യൂ

  0
  1728

  വെള്ളവും കാലാവസ്ഥയും ആയി ബന്ധപ്പെട്ട ദുരന്തങ്ങളില്‍ മുഖ്യമാണ് ഇടിമിന്നല്‍. കേരളത്തില്‍ ഇടിമിന്നല്‍ കൊണ്ടുള്ള ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഇടിമിന്നലേറ്റ് ഏറ്റവും അധികം മരണവും വസ്തുവകകള്‍ക്ക് നാശവും സംഭവിക്കുന്ന സംസ്ഥാനം കേരളമാണെന്നാണ് പഠന റിപ്പോര്‍ട്ട്. കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 71 പേര്‍ ഇടിമിന്നലേറ്റ് മരിക്കുന്നു എന്നാണ് കണക്ക്.

  കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇടിമിന്നല്‍ അനുഭവപ്പെടുന്നത് കൊല്ലം ജില്ലയിലും കുറവ് തൃശ്ശൂര്‍ ജില്ലയിലും ആണെന്ന് മറ്റൊരു പഠനറിപ്പോര്‍ട്ട് പറയുന്നു. വേനല്‍മഴക്കാലത്ത് ഉള്ള ഇടിമിന്നലുകള്‍ ഏറെ വിനാശകാരികളാണ്. മിക്കവാറും ഉച്ചതിരിഞ്ഞുള്ള സമയങ്ങളിലാണ് ഇത്തരം ഇടിമിന്നലുകള്‍ ഏറെയും ഉണ്ടാകുന്നത്. ദുരന്തസമയത്തും അതിനുമുമ്പും അവലംബിക്കേണ്ട സുരക്ഷാമാര്‍ഗ്ഗങ്ങളുടെ ചെറുവിവരണം താഴെ കൊടുക്കുന്നു.

  ഇടിമിന്നലിനു മുമ്പ് (ആകാശം മൂടിക്കെട്ടി, മിന്നലുകള്‍ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍)

  ഉയര്‍ന്ന പ്രദേശങ്ങളില്‍ അപകടസാദ്ധ്യത ഏറെയാണ്‌.പുറത്ത്, തുറസ്സായ പ്രദേശങ്ങളില്‍ പോകുന്നത് ഒഴിവാക്കുക. ഇടിമിന്നല്‍ കഴിഞ്ഞ് ശബ്ദം കേള്‍ക്കുന്നത് 3 നിമിഷങ്ങള്‍ക്കുള്ളിലാണെങ്കില്‍ മിന്നലിന് വളരെ അടുത്താണ് നിങ്ങള്‍ എന്നും ഏറെ സൂക്ഷിക്കണമെന്നും അനുമാനിക്കാം.സ്വര്‍ണ്ണം, വെള്ളി മുതലായവ കൊണ്ടുള്ള ആഭരണങ്ങള്‍ മിന്നലിനെ ആകര്‍ഷിക്കുമെന്നതിനാല്‍ ആ സമയത്ത് അവ ഒഴിവാക്കുക.

  തുറസ്സായ സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കുക.പൊക്കമുള്ള മരങ്ങള്‍, ടവറുകള്‍, വേലികള്‍, ടെലിഫോണ്‍ ലൈനുകള്‍, വൈദ്യുതി ലൈനുകള്‍ എന്നിവ ഇടിമിന്നലിനെ ആകര്‍ഷിക്കും. അവയില്‍ നിന്ന് മാറി നില്‍ക്കുക.ലോഹ വസ്തുക്കളില്‍ നിന്നും മാറി നില്‍ക്കുക. ലോഹ നിര്‍മ്മിത ഏണിപ്പടികള്‍ പൈപ്പ്, ടിവി ആന്റിന തുടങ്ങിയവ ആ സമയത്ത് തൊടാതിരിക്കുക.ഒറ്റപ്പെട്ട പൊക്കമുള്ള മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

  നദികള്‍, കുളങ്ങള്‍, തടാകങ്ങള്‍ കടല്‍ തുടങ്ങിയ ജലാശയങ്ങളില്‍ നിന്നും മാറി നില്‍ക്കുക. വെള്ളത്തില്‍ക്കൂടി ഇടിമിന്നലിന്റെ വൈദ്യുതതരംഗങ്ങള്‍ എളുപ്പം പ്രവഹിക്കുമെന്നതുകൊണ്ട് വെള്ളത്തില്‍ നില്‍ക്കാതിരിക്കുക.ഇടിമിന്നലിന് മുമ്പ് തന്നെ വൈദ്യുത ഉപകരണങ്ങളുടെ (ടിവി, തേപ്പുപെട്ടി, കമ്പ്യൂട്ടര്‍, അലക്കുയന്ത്രം, ഫ്രിഡ്ജ് തുടങ്ങിയവയുടെ) പ്ലഗ്ഗുകള്‍ ഊരിയിടുക.

  ഇടിമിന്നല്‍ സമയത്ത് സ്വീകരിക്കേണ്ട സുരക്ഷാമാര്‍ഗ്ഗങ്ങള്‍

  സൈക്കിള്‍, ട്രാക്ടര്‍, ലോഹയന്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക.വാഹനങ്ങളില്‍ ചാരി നില്‍ക്കുന്നതും അപകടം ഉണ്ടാക്കും.ജനലും വാതിലും അടയ്ക്കുന്നത് സുരക്ഷിതത്വം കൂട്ടും.വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. ഇടിമിന്നലിനെ മുഖ്യമായും ആകര്‍ഷിക്കുന്നത് ടെലിവിഷന്‍ മുതലായ ഉപകരണങ്ങളായതുകൊണ്ട് അവ ആ സമയത്ത് ഉപയോഗിക്കരുത്.

  വൈദ്യുത ഉപകരണങ്ങളുടെ അടുത്ത് നിന്നും അകന്നു മാറി നില്‍ക്കുക.ബാത്ത്ടബ്ബുകള്‍, ഹീറ്ററുകള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക.മുറിക്കുള്ളില്‍, തറയുമായി ബന്ധപ്പെടാതെ,കട്ടിലിന്റെയോ സ്റ്റൂളിന്റെയോ കസേരയുടെയോ മുകളില്‍ ഇരിക്കുന്നതാണ് നല്ലത്.ഇടിമിന്നല്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ കുളിക്കുന്നത് ഒഴിവാക്കുക.ലോഹനിര്‍മ്മിത സാമഗ്രികള്‍ (കുട, കത്തി, കമ്പിപ്പാര, മണ്ണുകോരി, മണ്ണുവെട്ടി, കൂന്താലി തുടങ്ങിയവ) ആ സമയത്ത് തൊടാതിരിക്കുക.തുറസ്സായ സ്ഥലത്ത് ആണെങ്കില്‍ തറയില്‍ കുത്തിയിരിക്കുക.

  ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടു പാദങ്ങളും കാല്‍മുട്ടുകളും പരസ്പരം മുട്ടിയിരിക്കണം.കൈകള്‍ കാല്‍മുട്ടിന് ചുറ്റും വരിഞ്ഞ്, താടി, മുട്ടില്‍ ചേര്‍ന്നിരിക്കണം.ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യുക.കവചിത വാഹനങ്ങളില്‍ ഇരിക്കുന്നത് സുരക്ഷിതമാണ്.

  ഇടിമിന്നല്‍ ഏറ്റുകഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

  പ്രഥമശുശ്രൂഷ കൊടുക്കുക.ശ്വാസോച്ഛ്വാസം നിന്നുപോയിട്ടുണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം ശാസ്ത്രീയമായി കൊടുക്കുക.ഇടിമിന്നലിന്റെ ഫലമായി പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ അതിന് പ്രഥമശുശ്രൂഷ കൊടുക്കുക.എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക.

  ഇടിമിന്നലിന്റെ സഞ്ചാരവേഗത ഒരു സെക്കന്‍റില്‍ മൂന്നുലക്ഷം കിലോമീറ്ററായതിനാല്‍ മിന്നലുണ്ടാകുമ്പോള്‍ അതിന്‍റെ സഞ്ചാരപഥത്തില്‍ നിന്നും മാറി രക്ഷപ്പെടുക എപ്പോഴും സാധ്യമല്ല. എന്നാല്‍, മിന്നലിനേക്കുറിച്ച് വ്യക്തമായ അവബോധമുണ്ടെങ്കില്‍ ആഘാതമേല്‍ക്കാതെ രക്ഷനേടാം. മിന്നലുണ്ടാകാന്‍ സാധ്യതയുള്ള കാലം, സമയം ഇവ മനസ്സിലാക്കിയാല്‍ അതിന്‍റെ ആഘാതം ഒരു പരിധിവരെ ഒഴിവാക്കാം.

  ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് മിന്നലുകള്‍ക്ക് ഏറ്റവും സാധ്യത. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇടിമിന്നലിന്റെ തീവ്രത വര്‍ധിക്കാം. ഇടിമിന്നലില്‍ നിന്ന് രക്ഷനേടാനുള്ള സുരക്ഷാചാലകത്തിന്റെ അപര്യാപ്തതയാണ് മരണങ്ങള്‍ക്ക് ഒരു കാരണം. ഗുണനിലവാരമുള്ള ഇടിമിന്നല്‍ സുരക്ഷാകവചങ്ങള്‍ അല്ലെങ്കില്‍ അതുകൊണ്ടുള്ള പ്രയോജനം കിട്ടുകയില്ല.ഇടിമിന്നലേറ്റ വ്യക്തിയെ പിടിക്കുന്നതുകൊണ്ട് നമുക്ക് വൈദ്യുതാഘാതം എല്ക്കുകയില്ല.ഇടിമിന്നല്‍ എല്ക്കുമ്പോള്‍ ചിലപ്പോള്‍ നാഡീവ്യൂഹത്തിന് തകരാറാകും. എല്ലുകള്‍ക്ക് പൊട്ടലോ കാഴ്ചശക്തിക്കും കേള്‍വിക്കും തകരാറോസംഭവിക്കാം. എന്തെങ്കിലും സംശയം തോന്നുന്നപക്ഷം ഡോക്ടറുടെ വിദഗ്ധോപദേശം തേടുക.

   

  കേരളത്തില്‍, വീടുകളോടു ചേര്‍ന്ന് ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങള്‍ ധാരാളമുണ്ട്. ഇങ്ങനെയുള്ള മരങ്ങളില്‍ ഇടിമിന്നലേറ്റാല്‍ കെട്ടിടത്തിനുള്ളില്‍ വൈദ്യുതി വയറുകളും മറ്റുമുള്ളത് കൊണ്ട് തറയിലൂടെ ഇടിമിന്നലിന്റെ ഊര്‍ജ്ജം വീടിനുള്ളില്‍ പ്രവേശിക്കും. സാധാരണ മിന്നല്‍ ചാലകങ്ങള്‍ക്ക് ഇത് തടയാനാവില്ല. അതിനാല്‍ റിംഗ് കണ്ടക്ടറുകള്‍ വീടുകള്‍ക്ക് ഏറെ അനുയോജ്യമാണ്.

  വീടുകളിലെ മട്ടുപ്പാവില്‍ വിളക്കുകാലുകള്‍ ഉണ്ടാക്കുമ്പോള്‍ ലോഹപൈപ്പുകള്‍ ഒഴിവാക്കുക. അവിടെ അയകെട്ടുമ്പോള്‍ ഇരുമ്പുകമ്പികളും ലോഹനിര്‍മ്മിത ചരടുകളും ഒഴിവാക്കുക.

  വൈദ്യുത ഉപകരണങ്ങള്‍ക്ക് മിന്നലിന്റെ ഫലമായുണ്ടാകുന്ന ശക്തിയായ ഊര്‍ജ്ജ പ്രവാഹത്താല്‍ കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം തകരാറുകള്‍ ഒരു പരിധിവരെ മിന്നല്‍ രോധകങ്ങള്‍ സ്ഥാപിച്ച് ഒഴിവാക്കാവുന്നതാണ്. മിന്നല്‍മൂലമുണ്ടാകുന്ന വൈദ്യുതിയുടെ ശക്തി(വോള്‍ട്ട്) ഒരു നിശ്ചിത പരിധിക്ക് മുകളിലാകുമ്പോള്‍ ഇത്തരം രോധകങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 10-9 സെക്കന്റ്‌ (ഒരു നാനോ സെക്കന്റ്‌) സമയത്തിനുള്ളില്‍ മിന്നല്‍ രോധകം പ്രവര്‍ത്തനക്ഷമമാകുന്നതിനാല്‍, രോധകം ഘടിപ്പിച്ച വൈദ്യുതി ഉപകരണങ്ങള്‍ പൊടുന്നനെയുള്ള മിന്നല്‍പ്രവാഹത്തില്‍ നിന്ന് സംരക്ഷിക്കുന്നു.

  ബോധവല്‍ക്കരണവും പരിശീലനവും

  സ്കൂളുകളില്, പഠനത്തിന്റെ ഭാഗമായി മിന്നല്‍ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നത് നല്ലതാണ്. ടെലിഫോണ്‍ ടവറുകള്‍ക്ക് മിന്നല്‍സുരക്ഷാമാര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ നിയമം കൊണ്ടുവരുന്നത് പ്രയോജനം ചെയ്യും.

  ഒരു കിലോമീറ്റര്‍ സഞ്ചരിക്കുവാന്‍ ഇടിമുഴക്ക ശബ്ദതരംഗത്തിന് ഏകദേശം 3 സെക്കന്റ് വേണം. മിന്നലിന്റെയും ഇടിമുഴക്കത്തിന്റെയും ഇടയിലുള്ള സമയം എത്ര സെക്കന്റ് ആണ് എന്ന് കണക്കാക്കി ഇടിമിന്നലിന്റെ ഉത്ഭവസ്ഥാനം തിട്ടപ്പെടുത്താന്‍ കഴിയും. ഇടിമുഴക്കം വളരെ ഉച്ചത്തില്‍ കേള്‍ക്കുകയാണെങ്കില്‍ ഇടിമിന്നലിന്റെ ഉത്ഭവകേന്ദ്രം വളരെ അടുത്താകാനാണ് സാധ്യത.

  അത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ചയമായും മുന്‍കരുതല്‍ എടുത്തിരിക്കണം. വീടുകളിലെ മട്ടുപ്പാവില്‍ വിളക്കുകാലുകള്‍ ഉണ്ടാക്കുമ്പോള്‍ ലോഹപൈപ്പുകള്‍ ഒഴിവാക്കുക. അവിടെ അയകെട്ടുമ്പോള്‍ ഇരുമ്പുകമ്പികളും ലോഹനിര്‍മ്മിത ചരടുകളും ഒഴിവാക്കുക. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകരിച്ചിട്ടുള്ള നിബന്ധനകള്‍ക്കനുസൃതമായിരിക്കണം മിന്നല്‍ സുരക്ഷാചാലകങ്ങള്‍ സജ്ജീകരിക്കേണ്ടത്. ഈ ചാലകങ്ങളില്‍ പതിക്കുന്ന മിന്നലിന്റെ ഊര്‍ജ്ജം എര്‍ത്തിംഗ് സംവിധാനം വഴി കെട്ടിടത്തിന്‍റെ പുറത്തേക്ക് പ്രവഹിക്കുന്നു. അങ്ങനെ ഈ സംവിധാനത്തിന്‍റെ പരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം, സുരക്ഷിതമായിത്തീരുന്നു.

  മിന്നൽ ഉണ്ടാവുന്നത്

  ഭൗമികവിദ്യുത്‌വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇടിമിന്നൽ ഒരു പ്രധാനപങ്കുവഹിക്കുന്നു. ഭൂമിയെ സാധാരണ ഋണ ഊർജ്ജത്തിന്റെ(നെഗറ്റീവ്) കേന്ദ്രമായാണ്‌ കണക്കാക്കപ്പെടുന്നത്. എന്നാൽ ഭൂമിക്കും അതിന്റെ ഊർജ്ജം നഷ്ടമാകും. മരങ്ങളിലൂടെയും (ഓസോൺ ഉണ്ടാകമ്പോൾ) വിവിധ മാനുഷിക പ്രവർത്തനങ്ങളിലൂടെയും. മിന്നൽ ഇങ്ങനെ നഷ്ടമാകുന്ന ഊർജ്ജത്തെ തിരികെ ഭൂമിയിലെത്തിക്കുവാൻ സഹായിക്കുന്നു.

  ഭൗമോപരിതലത്തിനു മുകളിൽ ഏകദേശം 1-2 കി.മീ മുതൽ 12-14കി.മീ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മേഘങ്ങൾ മറ്റുമേഘങ്ങൾക്കുമുകളിലായി ഭൂമിക്ക് സമാന്തരമായി അനേകം കിലോമീറ്ററുകളിൽ പരന്നുകിടക്കുന്നു.ഈ മേഘങ്ങളിൽ വിവിധങ്ങളായ പദാർത്ഥങ്ങൾ ഉണ്ടായിരിക്കും.ശക്തമായ വായുപ്രവാഹം ഇവയെ മുകളിലേക്കും താഴേക്കുമായി ചലിപ്പിച്ചുകൊണ്ടിരിക്കും.അനുകൂലഘർഷണം ചെറിയ കണികകൾക്ക് ഋണചാർജും വലിയകണികകൾക്ക് ധനചാർജും കൈവരുത്തുന്നു.വായുപ്രവാഹവും ഗുരുത്വാകർഷണഫലവും മേഘത്തിനുമുകളിൽ ഋണചാർജും താഴേ ധനചാർജും ഉളവാക്കുന്നു.ഇപ്രകാരം മേഘത്തിന്റെ കീഴ്ത്തട്ടും മേൽത്തട്ടും തമ്മിലും മേഘത്തിന്റെ കീഴ്ത്തട്ടു ഭൂമിയും തമ്മിലും വൈദ്യുതവോൾട്ടേജ് ഉണ്ടാവുന്നു.

   

  വളരെ ഉയർന്ന ഈ വോൾട്ടേജിൽ(ഏകദേശം 10കോടി മുതൽ 100കോടി വി.) വായുവിന്റെ ഇൻസുലേഷൻ നഷ്ടപ്പെട്ട് ചാർജ് അങ്ങോട്ടുമിങ്ങോട്ടും അതിവേഗത്തിൽ പ്രവഹിക്കുന്നു.അപ്പോഴുണ്ടാവുന്ന വൈദ്യുതസ്പാർകാണ് മിന്നലായി അനുഭവപ്പെടുന്നത്. മിന്നൽ മേഘങ്ങളിൽ നടക്കുന്ന വൈദ്യുതചാർജുകളുടെ പ്രവാഹമാണ് ഇടിമിന്നലിനുകാരണം.ഇപ്രകാരമുള്ള വൈദ്യുതപ്രവാഹം ഇടയിലുള്ള വായുവിനെ 20,000ഡിഗ്രി വരെ ചൂടാക്കുന്നു.

   

  ഇത് ചുറ്റുമുള്ള വായുവിനെ ഒരു ഷോക് വേവ് ഉണ്ടാക്കിക്കൊണ്ട് ശാബ്ദാതിവേഗത്തിലുള്ള തരംഗങ്ങൾ ഉണ്ടാകാനും ഇവ അല്പദൂരത്തെ സഞ്ചാരത്തിനുശേഷം മർദ്ദം കുറഞ്ഞ് അതിഭയങ്കരശബ്ദത്തോടുകൂടിയുള്ള ശബ്ദതരംഗങ്ങളായി മാറുകയും ചെയ്യുന്നു.ശബ്ദവും ജ്വാലയും ഒരുമിച്ചുതന്നേയാണ് ഉണ്ടാവുന്നതെങ്കിലും ജ്വാല പ്രകാശപ്രവേഗത്തിലും(3ലക്ഷം കി.മീ/സെ) ശബ്ദം സെക്കൻഡിൽ 340മീ ഉം സഞ്ചരിക്കുന്നതിനാലാണ് മിന്നൽ കണ്ടതിനുശേഷം ശബ്ദം കേൾക്കുന്നത്.രണ്ടും ഏകദേശം ഒരേസമയത്തുതന്നെ അനുഭവപ്പെട്ടാൽ സമീപസ്ഥലങ്ങളിലാവാം ഇടിമിന്നലേശിയത് എന്ന് അനുമാനിക്കാം.

   

  അന്തരീക്ഷവായുവിൽ വൈദ്യുതചാലകങ്ങൾ ഉള്ളതിനാൽ അയണമണ്ഡലത്തിൽ നിന്നും പോസിറ്റിവ് ചാർജ് ഭൂമിയിലെത്തുന്നു.ഈ ചോർച്ച സന്തുലനാവസ്ഥയിലുള്ള വോൾട്ടേജിനുകുറവു വരുത്തുന്നു.ഈ കുറവു പരിഹരിക്കാൻ ഇടിമിന്നൽ സഹായിക്കുന്നു.ഏകദേശം 2000ഓളം ഇടിമിന്നലുകൾ ഓരോ സെക്കണ്ടിലും ഉണ്ടാവുന്നുണ്ട്.എന്നാൽ ഇവയിലെല്ലാം അതിഭയങ്കരചാർജ് ഉളവാക്കുന്നവയല്ല. ഇടിമിന്നൽ അന്തരീക്ഷവായുവിനെ അയണീകരിക്കുന്നു.ഇപ്രകാരം നൈട്രജൻ ഓക്സൈഡ്,ഓസോൺ എന്നീ രാസവസ്തുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നു.