പുതിയ റേഷൻ കാർഡ് ഓൺലൈൻ രെജിസ്റ്റർ ചെയ്യാം

0
509

പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ ജൂലൈ 16 മുതൽ ഓൺലൈനായും സ്വീകരിക്കും. പുതിയ കാർഡ്, നിലവിലുള്ള കാർഡുകളിലെ തിരുത്തൽ, മറ്റിടങ്ങളിലേക്കു മാറ്റൽ, വേണ്ടെന്നുവയ്ക്കൽ എന്നിവ ഓൺലൈനായും ചെയ്യാനാകും. സ്വയം അപേക്ഷിക്കുന്നവർ ഫീസ് നൽകേണ്ടതില്ല. അല്ലാത്തവർക്ക് അക്ഷയകേന്ദ്രങ്ങൾ പോലുള്ള സ്ഥാപനങ്ങളുടെ സേവനം വിനിയോഗിക്കാം. അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നതിന് 25 രൂപയാണ് നിലവിലെ ഫീസ്. ഇതു വർധിപ്പിക്കണമോയെന്നു ജൂലൈ 16നു മുൻപ് തീരുമാനിക്കും.

നിലവിൽ കാർഡ് ഉള്ളവർ മറ്റു താലൂക്കുകളിൽ നിന്നു നീക്കം ചെയ്യുന്നതിനും കൂട്ടിച്ചേർക്കുന്നതിനും അതത് ഓഫിസുകളിൽ നേരിട്ടു ഹാജരാകേണ്ട സാഹചര്യം ഓൺലൈൻ സംവിധാനം വരുന്നതോടുകൂടി ഇല്ലാതാകും. അവരവരുടെ റേഷൻ കാർഡുകളുടെ പ്രിന്റ്് എടുക്കുന്നതിനും ഈ സംവിധാനത്തിൽ കഴിയും. ഇപ്രകാരം ലഭിക്കുന്ന ഇലക്ട്രോണിക് കാർഡുകൾ ഉപയോഗിക്കാം. ആധാർ നമ്പരും തദ്ദേശ സ്ഥാപനങ്ങൾ നൽകിയ താമസ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ ഓൺലൈൻ ആയി കാർഡ് ലഭ്യമാകും. അപേക്ഷിച്ചാൽ രണ്ടു ദിവസത്തിനകം ലഭിക്കും വിധമുള്ള സംവിധാനമാണ് നാഷനൽ ഇൻഫർമാറ്റിക് സെന്റർ തയാറാക്കിയിട്ടുള്ളത്.

കാർഡ് പുതുക്കാനുള്ള അപേക്ഷ സ്വീകരിച്ച ആദ്യദിവസമായ ഇന്നലെ എല്ലാ താലൂക്ക് സപ്ലൈ ഓഫിസുകളിലും തിരക്ക് അനുഭവപ്പെട്ടു. കൊല്ലത്ത് ടോക്കൺ സമ്പ്രദായം പരീക്ഷിച്ചെങ്കിലും തിരക്കേറിയതോടെ പൊളിഞ്ഞു. ഇടുക്കിയിൽ ഹർത്താൽ കാരണം തൊടുപുഴ താലൂക്കിൽ മാത്രമാണ് ഇന്നലെ അപേക്ഷകൾ സ്വീകരിച്ചത്. മറ്റു കേന്ദ്രങ്ങളിൽ ഇന്നുമുതൽ സ്വീകരിക്കും. കണ്ണൂരിലെ ഇരിട്ടി, എറണാകുളത്ത് വൈപ്പിൻ എന്നിവിടങ്ങളിൽ അപേക്ഷകരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. അപേക്ഷിക്കാൻ 11 തരം ഫോമുകളിൽ ആവശ്യമുള്ളത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ചു നൽകണമെന്നതു പലർക്കും ആശയക്കുഴപ്പമുണ്ടാക്കി.