ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ എങ്ങനെ ഡ്യൂപ്ളിക്കേറ്റ് ലൈസൻസ് അപേക്ഷിക്കാം

0
478

ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടാൽ ഡുപ്ലിക്കേറ്റിനു അപേക്ഷിക്കാൻ ഇനി വളരെ എളുപ്പമാണ്. പഴയതു പോലെ വലിയ ബുദ്ധിമുട്ടുള്ളതും ആളെ കറക്കുന്നതുമായ സംഭവങ്ങള്‍ ഒന്നും തന്നെയില്ല . നിങ്ങള്‍ ചെയ്യേണ്ടത് എന്തെന്ന് അറിഞ്ഞോളൂ. അക്ഷയ കേന്ദ്രങ്ങൾ വഴിയോ MVD ഇ – സേവാകേന്ദ്രങ്ങൾ വഴിയോ ലൈസൻസ് നമ്പർ കൊടുത്ത് ഓൺലൈനായി 550 അടച്ച് അപേക്ഷ പ്രിന്റെടുക്കണം. അതിനു ശേഷം ഈ അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളിൽ നേരിട്ടു തന്നെ പോയി സമർപ്പിക്കുക.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ എതെങ്കിലും ഫോട്ടോ ഐഡന്റിറ്റികാർഡ് എടുത്തുകൊണ്ട് വേണം ആർ ടി ഓഫീസിൽ പോകേണ്ടത്. ഇപ്പോള്‍ നിങ്ങളുടെ മനസ്സിലുള്ള സംശയം ലൈസന്‍സിന്റെ നമ്പര്‍ മറന്നു പോയിട്ടുണ്ടെങ്കിലോ എന്നല്ലേ. അതിനും ഒരു മാര്‍ഗ്ഗമുണ്ട്. നിങ്ങൾ ലൈസൻസ് എടുത്ത ആർ ടി ഓഫീസിൽ പോയ ശേഷം ജനന തീയതിയും പേരും പറഞ്ഞാല്‍ അവര്‍ക്ക് സെക്കന്റുകൾ കൊണ്ട് ലൈസൻസ് നമ്പർ പറഞ്ഞു തരാന്‍ കഴിയും.

വാഹനം ഓടിക്കണമെങ്കില്‍ ലൈസൻസ് അത്യാവശ്യം തന്നെയാണ്. ലൈസന്‍സ് കളഞ്ഞു പോയെന്നോ പുതുക്കിയിട്ടില്ല എന്നോ ഉള്ള കാരണങ്ങള്‍ ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. മിക്കപ്പോഴും ലൈസൻസ് കാലാവധി കഴിഞ്ഞ ശേഷം ആയിരിക്കും അത് പുതുക്കണം എന്ന് ഓര്‍ക്കുന്നത് തന്നെ. ലൈസൻസ് പുതുക്കുന്നതിനായി എന്ത് ചെയ്യണം എന്ന് നോക്കാം.

ലൈസൻസിൽ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും കാലാവധി പ്രത്യേകം തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. കാലാവധിക്കു ശേഷവും വാഹനം ഓടിക്കണം എന്നുണ്ടെങ്കില്‍ ലൈസന്‍സ് പുതുക്കുക തന്നെ വേണം. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള കാലാവധി അന്‍പത് വയസ് കഴിഞ്ഞവർക്ക് 5 വർഷവും അല്ലാത്തവർക്ക് 20 വർഷവും അല്ലെങ്കിൽ 50 വയസുവരേയോ ആയിരിക്കാം.

കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നതിനു വേണ്ടി ഫോറം-9 (APPLICATION FOR THE RENEWAL OF DRIVING LICENCE) ൽ ഉള്ള അപേക്ഷയ്ക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടാതെ നേത്രരോഗവിദഗ്ധന്റെ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവയും ഹാജരാക്കണം. 250 രൂപ ആയിരിക്കും ഫീസ്. ലൈസൻസിന്റെ കാലാവധിക്കു മുമ്പ് തന്നെ പുതുക്കുവാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ് എന്നത് ഓര്‍ത്തോളൂ. നോൺ ട്രാൻസ്പോർട്ട് ലൈസൻസ് അഞ്ചു വർഷത്തേയ്ക്ക് പുതുക്കി നൽകും. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസന്‍സ് 3 വർഷത്തേക്കും പുതുക്കി കിട്ടും.

കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ ആണ് പുതുക്കുന്നതിന് അപേക്ഷ നല്‍കുന്നതെങ്കില്‍ ലൈസൻസ് സാധ്യത ഉള്ളതായി കണക്കാക്കി കാലാവധി അവസാനിക്കുന്ന ദിവസം മുതൽ പുതുക്കി ലഭിക്കുന്നതായിരിക്കും . 30 ദിവസം കഴിഞ്ഞാലോ അപേക്ഷിച്ച തീയതി മുതലായിരിക്കും പ്രാബല്യം ലഭിക്കുക. കാലാവധിക്കുശേഷം 5 വർഷവും 30 ദിവസവും കഴിയുകയാണെങ്കില്‍ വീണ്ടും ‍ഡ്രൈവിങ് ടെസ്റ്റിനു ഹാജരായി വിജയിച്ചാൽ മാത്രമേ പുതുക്കി ലഭിക്കുകയുള്ളൂ എന്നത് പ്രത്യേകം ഓര്‍ക്കണം.

ലൈസൻസിനു കേടുപാടു പറ്റുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ RT ഓഫീസില്‍ വേണം അപേക്ഷ നല്‍കാന്‍. അഡ്ഡ്രസ്സ് പ്രൂഫിനൊപ്പം നിശ്ചിത ഫീസും അടച്ച് അപേക്ഷ നല്‍കുകയാണെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് പതിപ്പ് ലഭിക്കും. ലൈസൻസ് നഷ്ടപ്പെട്ടതാണെങ്കിലോ ലൈസൻസിങ് അധികാരി മുമ്പാകെ ഹാജരായി സത്യവാങ്മൂലം നൽകണം. ലൈസൻസിന് കേടുപാടു പറ്റിയെങ്കില്‍ അത് അപേക്ഷയോടൊപ്പം ഹാജരാക്കണം.വീഡിയോ കാണാം